International
ടുണിസ്: ജിഹാദിസ്റ്റുകൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാനായി സിറിയയിലേക്കു യാത്രാസൗകര്യം ഒരുക്കിയെന്ന കേസിൽ ടുണീഷ്യയിലെ മുൻ പ്രധാനമന്ത്രി അലി ലാറായദ്ദിന് കോടതി 24 വർഷം തടവുശിക്ഷ വിധിച്ചു.
2013 മുതൽ 2014 വരെയാണ് ലാറായദ്ദ് പ്രധാനമന്ത്രിയായിരുന്നത്. 2011 ലെ ടുണീഷ്യൻ വിപ്ലവത്തിനു പിന്നാലെ നൂറുകണക്കിനു പേർ സിറിയ, ഇറാക്ക്, ലിബിയ രാജ്യങ്ങളിലേക്കു പോയതിന്റെ പേരിൽ അദ്ദേഹം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
അതേസമയം, 2022ലാണ് ലാറായദ്ദിനെ അറസ്റ്റ് ചെയ്യുന്നത്. 2021ൽ പാർലമെന്റ് പിരിച്ചുവിട്ട് ഭരണത്തിൽ പിടിമുറുക്കിയ പ്രസിഡന്റ് കായിസ് സെയ്ദ് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായിട്ടാണു ലാറായദ്ദിനെതിരേ കേസെടുത്തതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു.